Tuesday, July 22, 2008

ഒരു തുറന്ന കത്തും കുറേ ഭൂകമ്പങ്ങളും

നമ്മുടെ ബുദ്ധിയ്ക്കും യുക്തിയ്ക്കും ചിന്തയ്ക്കും എത്തിപ്പിടിക്കാനാവാത്ത വലിപ്പമുളള ബ്ലോഗറാണ് ശ്രീ കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി. മതം, ദേശീയത, രാഷ്ട്രീയപ്പാര്‍ട്ടി തുടങ്ങി മനുഷ്യ നിര്‍മ്മിത സ്ഥാപനങ്ങളോട് ബാധ്യതയൊന്നുമില്ലാത്ത അസല്‍ മനുഷ്യനാണ് അദ്ദേഹം‍. മനുഷ്യ നിര്‍മ്മിത സ്ഥാപനമാണെന്ന് തിരിച്ചറിഞ്ഞ വാറേ, കേരള ബ്ലോഗ് അക്കാദമി എന്ന മഹത്തായ പ്രസ്ഥാനത്തില്‍ നിന്നും രാജിവെയ്ക്കുക കൂടി ചെയ്തപ്പോള്‍ ആ മഹത്വം പൂര്‍ണ പ്രഭ ചൂടി.

ആരോ എന്നോ ഉണ്ടാക്കിവെച്ച ആചാരങ്ങളും സമ്പ്രദായങ്ങളും അതേപടി പാലിക്കാത്ത അദ്ദേഹത്തിന് ഒരു ബാധ്യതയുമില്ല. അഥവാ പാലിക്കണമെങ്കില്‍ അസാരം മനോധര്‍മ്മം പൂശും. ലോകമെങ്ങുമുളള സാധാരണക്കാര്‍ ബന്ധുക്കള്‍, മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നവര്‍ വര്‍ഗശത്രുക്കള്‍.

മൊട്ട് വിരിഞ്ഞ്, പൂവായി മലര്‍ന്ന് കൊഴിഞ്ഞു പോകുന്നതു പോലെ സ്വാഭാവികവും ലാഘവവുമാണ് ജീവിതമെന്ന പ്രാപഞ്ചിക സത്യം ബോധ്യപ്പെട്ട ഏക ബ്ലോഗറാണ് ശ്രീ സുകുമാരന്‍. ജീവിതാവബോധം ഏതു പ്രവൃ‍ത്തിയിലും നിഴലിക്കുക സ്വാഭാവികം. അദ്ദേഹം ബ്ലോഗിലെഴുതുന്ന ലേഖനങ്ങളും അങ്ങനെയാണ്. ചിലത് വിരിഞ്ഞ് മലര്‍ന്ന് കൊഴി‍ഞ്ഞു പോകും, തികച്ചും സ്വാഭാവികം.

അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് തൊട്ടു മുമ്പ് നോട്ടുകെട്ടുകളുമായി മൂന്ന് ബിജെപി എംപിമാര്‍ പാര്‍ലമെന്റിനെ ഇളക്കി മറിച്ചു കൊണ്ടിരിക്കുന്ന സമയം. ചാനലുകളായ ചാനലുകളില്‍ മുഴുവന്‍ ചര്‍ച്ചാ പ്രളയം. ആ വേളയില്‍ ശ്രീമാന്‍ കെ പി സുകുമാരന്‍ വക ലേഖനം ബ്ലോഗില്‍ വിരിഞ്ഞ് പോസ്റ്റായി മലര്‍ന്നു..

തലക്കെട്ട്, മന്‍മോഹന്‍ സിംഗ് രാജിവെയ്ക്കണം എന്നായിരുന്നു... മാന്യന്‍മാര്‍ക്ക് ചെന്നിരിക്കാന്‍ പോലും ഗതികെട്ടുപോയ പാര്‍ലമെന്റില്‍ മാന്യരാജരാജശ്രീ മനോമോഹന സിംഗവര്‍കള്‍ ഒരു നിമിഷം തുടരരുത് എന്ന തന്റെ ആവശ്യം കെപിഎസ് തുറന്ന കത്തിന്റെ രൂപത്തില്‍ പ്രധാനമന്ത്രിയെ തെര്യപ്പെടുത്തി...

വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയാനുളള പ്രസംഗം തയ്യാറാക്കിക്കൊണ്ടിരുന്ന മന്‍മോഹന്‍ സിംഗിന് ഈ തുറന്ന കത്ത് ഇരുട്ടടിയായി എന്നു പറയേണ്ടല്ലോ... ബാംഗ്ലൂരില്‍ നിന്ന് ചിന്ത അഗ്രഗേറ്റര്‍ വഴി പറന്നുയര്‍ന്ന് പാര്‍ലമെന്റ് മന്ദിരത്തില്‍ ലാന്റു ചെയ്ത കെപി സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ കത്തു വായിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയും ഏഐസിസിയും ഒരേപോലെ അയ്യടാന്നായി... തലപ്പാവൂരി താടിക്ക് കൈയും കൊടുത്ത് സിംഗവര്‍കള്‍ ചിന്താധീനനായി കൂനിപ്പിടിച്ചിരുന്നു.

ജനാധിപത്യം നിലനിര്‍ത്താന്‍ ചെയ്ത തങ്ങള്‍ ചെയ്ത ത്യാഗത്തെ ചൈനാചാരന്മാരായ ഇടതന്മാരും വര്‍ഗീയ വിഷപ്പാമ്പുകളായ ബിജെപിക്കാരും പരിഹസിക്കുന്നതും ഭള്ളുവിളിക്കുന്നതും മനസിലാക്കാം. അതുപോലെയാണോ രാഷ്ട്രീയ വിശാരദനായ കെപിഎസിന്റെ തുറന്നകത്ത്. ചില്ലറയാണോ അതുണ്ടാക്കുന്ന പ്രത്യാഘാതം?

പോരെങ്കിലോ, "ആശയങ്ങളുടെയും, കാഴ്ചപ്പാടുകളുടെയും, നിലപാടുകളുടെയും അപ്പുറത്ത് മാനവികമായ ഒരു തലത്തില്‍ പരസ്പര സ്നേഹം" പുലര്‍ത്തുന്നവരാണ് കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിയും മന്‍മോഹന്‍ സിംഗും.

മന്‍മോഹന്‍ സിംഗ് രാജിവെയ്ക്കണമെന്നുളള കെ പി സുകുമാരന്റെ അഭ്യര്‍ത്ഥന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസിയുടെ ദൂതന്മാര്‍ കിട്ടിയ വിമാനത്തില്‍ ബാംഗ്ലൂര്‍ക്ക് പറന്നു. "ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും നിലപാടുകളുടെയും അപ്പുറത്ത് മാനവികമായ ഒരു തലത്തില്‍ സ്നേഹം നിലനില്‍ക്കുമ്പോള്‍" പ്രധാനമന്ത്രിയോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെടുന്നത് കൊടും ക്രൂരതയാണെന്ന് വയലാര്‍ രവിയും എ കെ ആന്റണിയും അഹമ്മദ് പട്ടേലുമടങ്ങുന്ന ദൂതപ്പട കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിയോട് കണ്ണീരോടെ ചൂണ്ടിക്കാട്ടി.

ചര്‍ച്ച മുന്നേറവെ, മതം, ദേശീയത, രാഷ്ട്രീയപ്പാര്‍ട്ടികള്‍, കേരള ബ്ലോഗ് അക്കാദമി എന്നിവ പോലെ മനുഷ്യ നിര്‍മ്മിത സ്ഥാപനം തന്നെയാണ് പാര്‍ലമെന്റും എന്ന സത്യം കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിയ്ക്കു മനസിലായി. എന്നോ ആരോ ഉണ്ടാക്കി വെച്ച ആചാരങ്ങള്‍ തന്നെയാണ് പാര്‍ലമെന്റിലുമുളളത്. അതു പാലിക്കാനുളള ബാധ്യത തനിക്കില്ലെന്ന പ്രപഞ്ചപ്പൊരുള്‍ ഒരു വെള്ളിടിപോലെ കെപി സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ബോധമണ്ഡലത്തില്‍ മിന്നിപ്പൊലി‍ഞ്ഞു. തനിക്കില്ലാത്ത ബാധ്യതയെന്തിന് മനോമോഹനന്?

എന്തിനേറെ പറയുന്നു........ രാജി വെയ്ക്കണമെന്ന ആവശ്യം കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി പിന്‍വലിച്ചു. പോസ്റ്റ് ഡിലീറ്റ് ചെയ്തു. പകരം വേറൊരു ലേഖനം ഉയര്‍ന്നു.

തലക്കെട്ട് ഇന്ത്യ രക്ഷപെട്ടു, മന്‍മോഹന്‍ജീ, അഭിവാദ്യങ്ങള്‍.
ദൗത്യം വിജയിച്ചതോടെ വയലാര്‍ രവിയും എ കെ ആന്റണിയും കെട്ടിപ്പിടിച്ചു കരഞ്ഞു. അഹമ്മദ് പട്ടേല്‍ നോക്കി നിന്നു കണ്ണീര്‍ വാര്‍ത്തു. മിന്നല്‍ വേഗതയില്‍ ദില്ലിക്ക് സന്ദേശം പോയി. പ്രധാനമന്ത്രി ഉഷാറായി. ആഘോഷങ്ങള്‍ക്ക് വെടി മുഴങ്ങി... കാര്‍മേഘം നീങ്ങിയ വിവരം വൈറ്റ് ഹൗസിലും അറിഞ്ഞു. ആണവക്കരുത്തുളള ഒരാലിംഗനം ബുഷ് ഇമെയില്‍ വഴി മന്‍മോഹന് അയച്ചു.. ഇമെയിലിന്റെ സിസി കോളത്തില്‍ വേറൊരു വിലാസമുണ്ടായിരുന്നു

ദാ ഇങ്ങനെ...
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി, ബാംഗ്ലൂര്‍

ശുഭം..